Kerala
കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലജീവന്‍ മിഷനുവേണ്ടി വെട്ടിപ്പൊളിച്ച റോഡുകള്‍ക്ക് ഇതില്‍ മുന്‍ഗണന കൊടുത്തു പരിഹാരമുണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു .
തെള്ളകം ഡിഎം കണ്വന്ഷന് സെന്ററില്‍ ചേര്‍ന്ന എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പദ്ധതികള്‍ സംബന്ധിച്ച മേഖലാതല അവലോകനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (സിഎംഎല്‍ആര്‍ആര്‍പി 2.0)യുമായി ബന്ധപ്പെട്ടു കരാറുകാര്‍ക്കുള്ള നിരക്ക് പരിഷ്കരിച്ചിട്ടുള്ളതാണ്. ഇതനുസരിച്ചു നേരത്തേ നിശ്ചയിച്ച ദൂരത്തില്‍ തന്നെ റോഡുകള്‍ പൂര്‍ത്തിയാക്കും. സാങ്കേതികകാര്യങ്ങള്‍ വേഗം പരിഹരിക്കണം. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ചു വ്യക്തത വരുത്തിയ ഉത്തരവ് പുറത്തിറക്കണം.
ലഹരി വിരുദ്ധ കാന്പയിൻ
ലഹരിവിരുദ്ധ കാന്പയിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനം സ്കൂളുകളിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി. നല്ലരീതിയിലുള്ള വ്യായാമങ്ങളും കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകണം. ഇതുസംബന്ധിച്ചു ചില വിവാദങ്ങള്‍ ചില കോണുകളില്‍ നിന്നുയര്‍ന്നുവന്നുവെങ്കിലും അതു പെട്ടെന്നു തന്നെ അവസാനിച്ചുവെന്നാണു തോന്നുന്നത്.
പുനര്‍ഗേഹം
ഭവനപദ്ധതി
മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മിച്ച പുനര്‍ഗേഹം ഭവനപദ്ധതിയില്‍ ചില ഫ്ളാറ്റുകള്‍ ഒഴിവുണ്ട്. ഗുണഭോക്താക്കളായവരില്‍ ചിലര്‍ ഏറ്റെടുക്കാന്‍ തയാറാകുന്നില്ല. മത്സ്യത്തൊഴിലാളികള്‍ അല്ലാത്തവര്‍ക്കായി വീടു നല്‍കുന്നത് കാര്യം പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ പറ്റുമെന്നു ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിര്‍മാണം വേഗത്തിലാക്കണം
ലൈഫ് മിഷനില്‍ 4.5 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കാനായി. ബാക്കി വീടുകളുടെ നിര്‍മാണം വേഗത്തിലാക്കണം. മനസോടിത്തിരി മണ്ണ് ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം.
കോളിഫോം പരിശോധന
ജലാശയങ്ങളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സംബന്ധിച്ചു തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പരിശോധന വേണം. സാധാരണക്കാര്‍ക്ക് കിണര്‍വെള്ളം ചുരുങ്ങിയ ചെലവില്‍ പരിശോധിക്കുന്നതിനാണ് സ്കൂളുകളില്‍ ലാബുകള്‍ സജ്ജമാക്കിയത്. ഇക്കാര്യത്തില്‍ വേണ്ടത്ര പുരോഗതിയില്ല. ഇതിന്റെ പുരോഗതി വിദ്യാഭ്യാസവകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളും ജില്ലാ കളക്ടര്‍മാരും ഇടപെട്ട് വിലയിരുത്തണം.
മാലിന്യ നിര്‍മാര്‍ജനം
വിനോദസഞ്ചാരമേഖലകളില്‍ മാലിന്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. മാലിന്യമുക്തം എന്നത് പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കണം. പച്ചത്തുരുത്ത് പദ്ധതി കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കണം. ഏത് ഉന്നതനായാലും നടപടിക്രമങ്ങള്‍ പാലിക്കണം. നടപടിക്രമങ്ങള്‍ പാലിച്ചു കാര്യങ്ങള്‍ വേഗത്തിലാക്കാനാണ് പരിശ്രമിക്കേണ്ടത്.
മേഖലാതല യോഗങ്ങൾ ഫലപ്രാപ്തിയില്‍
ഇത്തവണത്തെ മേഖലാതലയോഗങ്ങള്‍ നല്ലരീതിയിലാണ് നടന്നത്. മുന്‍കാലങ്ങളില്‍ നടന്ന മേഖലാതല യോഗത്തെ അപേക്ഷിച്ച് പരിഗണിക്കേണ്ട ഗൗരവമുള്ള വിഷയങ്ങള്‍ കുറഞ്ഞു. പൊതുകാര്യങ്ങളുെ വേഗത കൂട്ടുന്നതിന് ഇത്തരത്തിലുള്ള യോഗങ്ങള്‍. വേഗത്തില്‍ തീരുമാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നിലവില്‍ ഫയല്‍ അദാലത്തുകള്‍ നടക്കുന്നു. ഇത്തരം യോഗങ്ങള്‍ ഭരണനടപടികള്‍ വേഗത്തിലാക്കാന്‍ ഉപകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മന്ത്രിമാരായ കെ. രാജന്, കെ. കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്, എ.കെ. ശശീന്ദ്രന്, വി.എന്‍. വാസവന്, പി. രാജീവ്, സജി ചെറിയാന്, എം.ബി. രാജേഷ്, ഒ.ആര്. കേളു, പി. പ്രസാദ്, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖര്‍, വകുപ്പുസെക്രട്ടറിമാര്‍, വകുപ്പുമേധാവികള്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഭരണ സ്തംഭനം. ബജറ്റ് പാസാകാത്തതിനെ തുടർന്ന് മൂന്നു മാസത്തേക്ക് പാസാക്കിയ വോട്ട് ഓണ്‍ അക്കൗണ്ടിന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചതോടുകൂടി സർവകലാശാലയിലെ സാന്പത്തിക ഇടപാടുകൾ സ്തംഭിച്ചു. ഇതോടെ ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ നൽകേണ്ട പെൻഷൻ വിതരണം ഉൾപ്പെടെയുള്ളവയുടെ വിതരണം മുടങ്ങി.
വി സി -സിൻഡിക്കേറ്റ് പോരിന്റെ ഭാഗമായി ബജറ്റിന് അനുമതി നൽകേണ്ടിയിരുന്ന സർവകലാശാലയിലെ സിൻഡിക്കേറ്റിന്റെയും ബോർഡ് ഓഫ് ഗവർണേഴ്സിന്റെയും യോഗങ്ങളിൽ അംഗങ്ങൾ പങ്കെടുക്കാത്തതിനെ തുടർന്ന് ക്വാറം തികയാത്ത സാഹചര്യമുണ്ടായി. തുടർന്ന് വൈസ്ചാൻസലർ മൂന്ന് മാസത്തെ ധന വിനിയോഗത്തിനായി വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുകയാണ് ചെയ്തത്. ഇതിന്റെ കാലാവധി ജൂണിൽ അവസാനിച്ചതോടെ ഈ മാസം സർവകലാശാലയിലെ എല്ലാ ധന ഇടപാടുകളും മുടങ്ങിയിരിക്കുകയാണ്.
വൈസ്ചാൻസലർ നിയമനത്തിന് എതിരായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സർവകലാശാലയിലെ സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണേഴ്സും എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുന്നത് വിലക്കി ഇടക്കാല വിധി കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ സർവകലാശാല ബജറ്റ് അംഗീകരിക്കാൻ കഴിയാത്ത നിലയിലാണ്. സാന്പത്തിക കാര്യങ്ങൾ കൂടാതെ വിദ്യാർഥികളുടെ പരീക്ഷ സംബന്ധിച്ച പരാതികൾ തീർപ്പാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയാതെ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് സാങ്കേതിക സർവകലാശാല.
എല്ലാ മാസവും വൻ തുകയാണ് സർവകലാശാലയുടെ സോഫ്റ്റ് വേറിനു വേണ്ടി കെൽട്രോണ്‍ മുഖേന സ്വകാര്യ സ്ഥാപനത്തിന് നൽകേണ്ടത്. ഇതു മുടങ്ങിക്കഴിഞ്ഞാൽ സോഫ്റ്റവേർ സേവനങ്ങൾ ലഭ്യമാകാതെ പരീക്ഷ നടത്തിപ്പ് ഉൾപ്പെടെ അവതാളത്തിൽ ആയേക്കാം.